വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തി ചികിത്സ 2 മാസത്തിനുള്ളിൽ ആരംഭിക്കണം : മനുഷ്യാവകാശ കമ്മീഷൻ

 
human rights
human rights

തിരുവനന്തപുരം : വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തിചികിത്സയും 24 മണിക്കൂർ സേവനവും രണ്ടു മാസത്തിനുള്ളിൽ പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ഇതിനുവേണ്ടി ജില്ലാ മെഡിക്കൽ ഓഫീസറും നഗരസഭാ സെക്രട്ടറിയും സംയുക്തമായി യോഗം ചേർന്ന് നഗരസഭയും ആരോഗ്യവകുപ്പും ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് വ്യക്തത വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  സ്വീകരിച്ച നടപടികൾ ഡി.എം.ഒ. യും നഗരസഭാ സെക്രട്ടറിയും കമ്മീഷനെ അറിയിക്കണം.

കിടത്തി ചികിത്സാ സൗകര്യം ഇനിയും വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് ഉത്തരവിൽ പറഞ്ഞു.  ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും ജനപ്രതിനിധികളും കൂട്ടായി പരിശ്രമിച്ചാൽ ഇവ  ലഭ്യമാക്കാമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.  ഐ.പി. വാർഡിന്റെ അറ്റകുറ്റപണികൾ തീർത്ത് കെട്ടിടം നഗരസഭ അടിയന്തരമായി കൈമാറണം.
ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ഡി.എം.ഒ. ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

രാവിലെ 08.00 നും 08.30 നും ഇടയിലാണ് ആശുപത്രിയുടെ ഗേറ്റ് തുറക്കുന്നതെന്നും രോഗികൾ റോഡിൽ വരി നിൽക്കേണ്ട അവസ്ഥയാണെന്നും പരാതിപ്പെട്ട് എസ്. ജെറോം മിരാന്റ സമർപ്പിച്ച പരാതിയിലാണ് നടപടി.  തുടർന്ന് നഗരസഭാ സെക്രട്ടറിയും ഡി.എം.ഒ. യും ആശുപത്രിയിൽ സംയുക്ത പരിശോധന നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

24 മണിക്കൂറും കാഷ്വാലിറ്റി തുടങ്ങിയിട്ടുള്ളതായി ഡി.എം.ഒ. കമ്മീഷനെ അറിയിച്ചു.  ഒ.പി. കെട്ടിടത്തിൽ സജ്ജീകരിച്ച 7 ഒബ്സർവേഷൻ കിടക്കകളിൽ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്.  നാഷണൽ ഹെൽത്ത് മിഷൻ വഴി 3 മെഡിക്കൽ ഓഫീസർമാരെയും നഗരസഭ വഴി ഒരു മെഡിക്കൽ ഓഫീസറെയും ഫാർമസിസ്റ്റിനെയും ലഭ്യമാക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.24 മണിക്കൂറും കിടത്തി ചികിത്സ പുനരാരംഭിക്കണമെങ്കിൽ അസിസ്റ്റന്റ് സർജ്ജന്റെ അഡീഷണൽ പോസ്റ്റും കുട്ടികളുടെ  ഡോക്ടറുടെയും നഴ്സിംഗ് ഓഫീസറുടെയും ഒഴിവുകളും നികത്തണം.  

കിടത്തി ചികിത്സ നടത്തേണ്ട വാർഡിൽ കനത്ത മഴയിൽ ചോർച്ചയുണ്ടാവുകയും ഇത് പരിഹരിക്കാനുള്ള നടപടിയെടുക്കുകയും ചെയ്തു.  കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായാൽ മാത്രമേ കിടത്തി ചികിത്സ പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.  എം.എൽ.എ. ഫണ്ടിൽ നിന്നും ആംബുലൻസ് നൽകാമെന്ന് എം.എൽ.എ. സമ്മതിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.  ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയെടുത്തിയിട്ടുള്ളതായും റിപ്പോർട്ടിലുണ്ട്.