ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

 
K. Radhakrishnan
തിരുവനന്തപുരം : ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്. 691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ്ഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചു. 17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. 
അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ണന്തല അംബേദ്കർ ഭവനിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വനജ രാജേന്ദ്രബാബു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ ഡി. ആർ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ് തുടങ്ങിയവരും പങ്കെടുത്തു.