വ്യോമയാന പഠനത്തിൽ ട്രിപ്പിൾ സർട്ടിഫിക്കേഷൻ; ആറ് മാസ കോഴ്സിന് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

 
Kerala
Kerala
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ  കീഴിലുള്ള സി.ഐ.എ.എസ്.എൽ  അക്കാദമി, ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം കൊണ്ട് മൂന്ന് സർട്ടിഫിക്കറ്റുകൾ  കരസ്ഥമാക്കാം എന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷത.
​ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. academy.ciasl.aero എന്ന വെബ്‌സൈറ്റിലൂടെ ഈ മാസം 20 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
​ബിരുദപഠനത്തിന് ശേഷം ഉപരിപഠനത്തിനോ ജോലിക്കോ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്, കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച യോഗ്യത നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സ് രൂപീകരിച്ചിരിക്കുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട), എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കും.
​ദേശീയ-അന്തർദേശീയ തലങ്ങളിൽ വ്യോമയാന മേഖലയിൽ തൊഴിൽ നേടാനും വിദേശ പഠനത്തിന് ശ്രമിക്കുന്നവർക്ക് പ്രൊഫൈൽ മികവുറ്റതാക്കാനും സഹായിക്കുന്ന ഒരു മൂല്യവർദ്ധിത കോഴ്സായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കുസാറ്റിന്റെ പാഠ്യപദ്ധതിക്കും പരീക്ഷാ നടത്തിപ്പിനുമൊപ്പം, അന്താരാഷ്ട്ര ഏജൻസികളായ അയാട്ട, എ.സി.ഐ എന്നിവയുടെ സർട്ടിഫിക്കേഷനും അമെഡിയസ് (Amadeus) സോഫ്റ്റ്‌വെയർ പരിശീലനവും ഒരേസമയം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോഴ്സാണിത്.
​കൂടുതൽ വിവരങ്ങൾക്ക്: 8848000901