മട്ടന്നൂരിൽ കാർ ബസിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ


കണ്ണൂർ: മട്ടന്നൂരിൽ സ്വകാര്യ ബസിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. ഉള്ളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് നാല് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂർ സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ കർണാടകയിൽ രജിസ്റ്റർ ചെയ്തതാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
കാറിനുള്ളിൽ 6 പേരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഏറെ പണിപ്പെടേണ്ടി വന്നു. മട്ടന്നൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
അതിനിടെ, തൃശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന മുള്ളൂർക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഓട്ടുപാറയിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടം. നൂറയുടെ പിതാവ് ഉനൈസ് (32), മാതാവ് റൈഹാനത്ത് (28) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
റൈഹാനത്ത് ഗർഭിണിയാണ്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്ന് നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.