ഡിവൈഡറിലിടിച്ച് കോട്ടക്കൽ സ്വദേശികളായ രണ്ട് പേർ മരിച്ചു
Updated: Oct 24, 2024, 11:07 IST


മലപ്പുറം: മലപ്പുറം ജില്ലയിലെ മൂന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളും സുഹൃത്തുക്കളുമായ റനീസ് (19), എം ടി നിയാസ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പുതുതായി നിർമിച്ച നാലുവരിപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇവർ ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇവരുടെ വാഹനം പടിക്കൽ സർവീസ് റോഡ് സൈഡിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പടപ്പറമ്പ് സ്വദേശി മുരിങ്ങത്തോടൻ മുഹമ്മദ് കുട്ടിയുടെ മകനാണ് നിയാസ്, റനീസ് വിഎൽ ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.