യുഡിഎഫും എൽഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിൽ എത്തിയതോടെ യുഡിഎഫും എൽഡിഎഫും വലിയ തോതിൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തോൽവി മണത്ത ഇടത്-വലത് മുന്നണികൾ നാടിൻ്റെ സ്വൈര്യ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിരോധിത ഭീകര സംഘടന പോപ്പുലർഫ്രണ്ടിൻ്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സഖ്യത്തിലാണ്. കോയമ്പത്തൂർ സ്ഫോടനത്തിൻ്റെ ആസൂത്രകനായ അബ്ദുൾ നാസർ മദനിയുടെ പിഡിപിയുമായാണ് എൽഡിഎഫിൻ്റെ സഖ്യം.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പോപ്പുലർ ഫ്രണ്ടുമായി ചർച്ച നടത്തി. സഞ്ജിത്തിൻ്റെയും ശ്രീനിവാസൻ്റെയും വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ കുടുംബങ്ങളുമായും സതീശൻ ചർച്ച നടത്തി. ശ്രീനിവാസൻ്റെ പിതാവ് സജീവ കോൺഗ്രസുകാരനായിരുന്നു. എന്നാൽ ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ഉൾപ്പെടെ ഒരു കോൺഗ്രസ് നേതാവും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിട്ടില്ല. പോപ്പുലർ ഫ്രണ്ടിൻ്റെ സൗഹൃദം നഷ്ടമാവാതിരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.
കോൺഗ്രസിൻ്റെ സിമി ബന്ധമുള്ള ഒരു എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് ഗ്രീൻ സ്ക്വാഡ് എന്ന പേരിൽ ഒരു സംഘം പ്രചരണം നടത്തുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിക്ക് യോജിച്ച രീതിയിലല്ല കോൺഗ്രസ് പാലക്കാട് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിൽ കോൺഗ്രസിന് വേണ്ടി വിദേശത്ത് നിന്നും ഭീകര സ്വഭാവമുള്ളവരിൽ നിന്നും ഫണ്ട് വരുന്നുണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. പാലക്കാടും അത്തരം ഫണ്ട് വരുന്നുണ്ടോയെന്ന് ബിജെപിക്ക് സംശയമുണ്ട്.
മദനിയാണ് ഭീകരവാദത്തിന് വിത്തിട്ടതെന്നാണ് പി.ജയരാജൻ തൻ്റെ പുസ്തകത്തിൽ പറയുന്നത്. മുഖ്യമന്ത്രിയാണ് ആ പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചത്. അങ്ങനെയുള്ള പിഡിപിയുമായി ചേർന്നാണ് എൽഡിഎഫുകാർ പാലക്കാട് പ്രവർത്തിക്കുന്നത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കോൺഗ്രസ് വർഗീയ പ്രചരണം നടത്തുകയാണ്. കോൺഗ്രസ് അടിച്ചു കൊടുത്ത ലഘുലേഖയാണ് എസ്ഡിപിഐ ആരാധനാലയങ്ങളിൽ വിതരണം ചെയ്യുന്നത്. പച്ചയായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണിത്. എൻഡിഎ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. എസ്ഡിപിഐയുടെ പിന്തുണ വേണ്ടായെന്ന് പറയാനുള്ള നട്ടെല്ല് വിഡി സതീശനില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.