തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കെ സുധാകരനെ തടഞ്ഞ് യുഡിഎഫ് പ്രതിഷേധം
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠപുരത്ത് കോൺഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെ യുഡിഎഫ് അനുഭാവികൾ തടഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കോൺഗ്രസിൻ്റെ ഉന്നതർക്ക് നാണക്കേടായി.
2019ൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ പ്രകോപിതരായ അനുയായികൾ സുധാകരൻ്റെ വാഹനം വളയുകയും കോൺഗ്രസ് നേതാവിനെ നേരിടുകയും ചെയ്തു. ഈ മേഖലയിലെ റോഡുകൾ ഏറെക്കാലമായി തകർന്നുകിടക്കുന്നതും യാത്രായോഗ്യമല്ലാത്തതുമാണ്. മികച്ച റോഡുകൾ നിർമിക്കുമെന്ന് നേരത്തെ വാഗ്ദ്ധാനം ചെയ്ത സുധാകരൻ കഴിഞ്ഞ നാല് വർഷമായി ഈ വിഷയം പരിശോധിച്ചില്ലെന്നാണ് ആക്ഷേപം.
സുധാകരനും എം.എൽ.എ സജീവ് ജോസഫും രണ്ട് കാറുകളിലായാണ് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ എത്തിയത്. കോൺഗ്രസ് നേതാക്കളെ നയിക്കുന്ന പൈലറ്റ് വാഹനവും മുന്നിലുണ്ടായിരുന്നു. സുധാകരൻ്റെ കണ്ണൂർ സന്ദർശനത്തെക്കുറിച്ചുള്ള വാർത്തയറിഞ്ഞ് യു.ഡി.എഫിലെയും ലീഗിലെയും പ്രവർത്തകരടക്കം അമ്പതോളം പ്രതിഷേധക്കാർ പ്രദേശത്ത് തടിച്ചുകൂടി രോഷം തീർത്തു.
സംഘർഷം ലഘൂകരിക്കാൻ കോൺഗ്രസ് പ്രാദേശിക നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാർ പിന്മാറിയത്.