ഉമാ തോമസ് എംഎൽഎയുടെ വാഹനാപകടം: ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനി ഉടമ അറസ്റ്റിൽ
![Uma](https://timeofkerala.com/static/c1e/client/98493/uploaded/fc99f916eb473c0845a8b8c5ca3d1646.png)
തൃശൂർ: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഗ്യാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനി ഉടമ പി.എസ്.ജനീഷ് അറസ്റ്റിൽ.
തൃശ്ശൂരിൽ നിന്നാണ് ജനീഷിനെ പോലീസ് പിടികൂടിയത്. ഹൈക്കോടതി നിർദേശിച്ചിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ജനീഷ് പരാജയപ്പെട്ടിരുന്നു. ഇയാൾ കേസിലെ മൂന്നാം പ്രതിയാണ്.
കഴിഞ്ഞ ദിവസം ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എം.എൽ.എ വീണു പരിക്കേറ്റിട്ടും അൽപസമയം പോലും പരിപാടി നിർത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
"സംഘാടകർക്ക് മനുഷ്യത്വം എന്നൊന്നില്ലേ? ഗാലറിയിൽ നിന്ന് വീണ ഉമാ തോമസ് എം.എൽ.എ.ക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം അവർക്കില്ലേ? പരിപാടി അര മണിക്കൂർ നിർത്തിയിരുന്നെങ്കിൽ എന്തെങ്കിലും സംഭവിക്കുമായിരുന്നോ? ഒരു എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരന് ഇത്തരമൊരു അപകടമുണ്ടായാൽ എന്തായിരിക്കും അവസ്ഥ? കോടതി ചോദിച്ചു.
ഉമാ തോമസ് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും പരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് സംഘാടകർ ക്രൂരതയാണ് കാണിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉമ തോമസ് വീണ് തലയ്ക്ക് പരിക്കേറ്റിട്ടും സംഘാടകർ പരിപാടിയുമായി മുന്നോട്ട് പോയി. ഉമാ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ അവർക്ക് കാത്തിരിക്കാമായിരുന്നുവെന്ന് കോടതി കൂട്ടിച്ചേർത്തു.
നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് വിമർശനം ഉന്നയിച്ചത്. നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക തട്ടിപ്പ് കുറ്റം ചുമത്തി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.