കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍

മന്ത്രി വീണാ ജോര്‍ജുമായി യുഎന്‍ വിമണ്‍ സംഘം ചര്‍ച്ച നടത്തി

 
veena

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എന്‍. വിമണ്‍. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകള്‍ക്കും സഹായകരമായ പ്രവര്‍ത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെന്‍ഡര്‍ ബജറ്റ് എടുത്ത് പറയേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും സ്ത്രീകള്‍ വളരെ മുന്നിലാണെന്നും സംഘം വിലയിരുത്തി. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി യു.എന്‍. വിമണ്‍ സംഘം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യമറിയിച്ചത്.

സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിവരിച്ചു. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണ്‍, ജെന്‍ഡര്‍ പാര്‍ക്കിന് സാങ്കേതിക സഹായം നല്‍കുന്നതിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ജെന്‍ഡര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സേഫ് സിറ്റി പ്രോജക്ട്, ജെന്‍ഡര്‍ ഡേറ്റാ ഹബ്ബ് എന്നിവയിലും യുഎന്‍ വിമണ്‍ പിന്തുണ അറിയിച്ചു. ഓണ്‍ലൈന്‍ സ്‌പേസ്, പബ്ലിക് സ്‌പേസ് ആയി കണ്ട് അവിടത്തെ പ്രശ്‌നങ്ങള്‍ കൂടി പഠിക്കണമെന്ന് യുഎന്‍ വിമണ്‍ നിര്‍ദേശിച്ചു.

യുഎന്‍ വിമണ്‍ ഇന്ത്യയിലെ പ്രതിനിധി സൂസന്‍ ഫെര്‍ഗുസന്‍, യുഎന്‍ വിമണ്‍ സേഫ് സിറ്റി ഇന്‍ഷ്യേറ്റീവ് ഗ്ലോബല്‍ അഡൈ്വസര്‍ ലൂറ കാപോബിയാന്‍കോ, പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് പൗലോമി പല്‍, യുഎന്‍ വിമണ്‍ ഇന്ത്യ സ്റ്റേറ്റ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. പീജാ രാജന്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.