ജനവാസമില്ലാത്ത വീട്, ഉപയോഗിക്കാത്ത ഫ്രിഡ്ജ്; പോലീസ് പരിശോധനയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

 
crm

കൊച്ചി: എറണാകുളത്ത് വീടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തി. ചോറ്റാനിക്കര പാലസ് സ്ക്വയറിലെ വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നാണ് അസ്ഥികൂടത്തിൻ്റെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്. വിവിധ കവറുകളിലായി അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും വീടിനുള്ളിൽ തലയോട്ടികളും കണ്ടെത്തി.

30 വർഷമായി ആൾതാമസമില്ലാത്ത ഈ വീട് സാമൂഹിക വിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്ന് പോലീസ് പറയുന്നു. സാമൂഹിക വിരുദ്ധരുടെ ശല്യത്തെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഈ വീട്ടിലെത്തി പരിശോധന നടത്തിയത്. ആ പരിശോധനയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി.

എന്നാൽ തലയോട്ടിയുടെ കാലപ്പഴക്കം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. വൈറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണ് ഇതെന്ന് അധികൃതർ പറയുന്നു.