വന്ദേ മാതരം പ്രതിഷേധം: 25 വിദ്യാർഥികൾക്കെതിരെ കേസ്; ഡൽഹി ബന്ധം ചൂണ്ടിക്കാട്ടി ഗവർണർ

 
Kerala

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തിരിച്ചറിയാത്ത വിദ്യാർഥികൾക്കെതിരെയാണ് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തത്. അനധികൃത സംഘം ചേരൽ, പൊലീസ് നിർദേശം ലംഘിക്കൽ, കലാപം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഒക്ടോബർ ആറിന് ആരംഭിച്ച സെമിനാറിൽ ആർഎസ്എസ് ബന്ധമുള്ള പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ പങ്കെടുക്കുന്നതിനെതിരെയായിരുന്നു വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, കെഎസ്‌യു, എംഎസ്എഫ് തുടങ്ങിയ സംഘടനകളിലെ വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിഷേധം വന്ദേ മാതരത്തിനെതിരെയല്ലെന്നും ആർഎസ്എസ് ആശയങ്ങളുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തത്തിനെതിരെയാണെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെമിനാറിന്റെ സമാപനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണമെന്നും ഡൽഹി മുതൽ പ്രാദേശിക തലങ്ങൾ വരെയുള്ള ബന്ധങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധം ഒറ്റപ്പെട്ട സംഭവമല്ലെന്നും അതിന് പിന്നിലെ ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ പ്രസംഗത്തിന് പിന്നാലെ വിദ്യാർഥികൾ സെമിനാറിലെ അടുത്ത സെഷൻ തടസ്സപ്പെടുത്തി. സർവകലാശാല ചീഫ് പ്രോക്ടർ എസ്. ശ്രീകുമാറിന്റെ അവതരണത്തിനിടെയായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് വിദ്യാർഥികളെ ഹാളിൽനിന്ന് നീക്കിയതായും തുടർന്ന് സെമിനാർ തുടർന്നതായും റിപ്പോർട്ടുണ്ട്.