വണ്ടിപ്പെരിയാർ പീഡനക്കേസിലെ ഇരയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

 
CM

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തങ്ങൾ ആഗ്രഹിക്കുന്ന അഭിഭാഷകനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. കേസിൽ കക്ഷിയാകാൻ ഹർജി നൽകുമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

കുടുംബത്തിന്റെ ആവശ്യം ഡിജിപിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അർജുനെ കോടതി വെറുതെ വിട്ടിരുന്നു.

2021 ജൂൺ 30 ന് വണ്ടിപ്പെരിയാറിലെ വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് വയസ്സുള്ളപ്പോൾ മുതൽ മിഠായികളും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 78 ദിവസത്തിനകം പോലീസ് കുറ്റപത്രം സമർപ്പിച്ചു.

കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി. കേസിലെ പ്രതിയായ അർജുനെ വെറുതെവിട്ട വിധി പകർപ്പിലാണ് പരാമർശം.

തെളിവെടുപ്പിൽ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയാസ്പദമാണെന്നും വിധി വന്ന ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.