നൂതന വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചര്‍ച്ചചെയ്ത് വൈസ് ചാന്‍സിലര്‍മാര്‍; ജെയിന്‍ യൂണിവേഴ്‌സിറ്റി മാറ്റത്തിന്റെ വക്താക്കളെന്ന് ഡോ. ജെ ലത

 
Latha

കൊച്ചി:  സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ അവസാന ദിനത്തില്‍ ശ്രദ്ധേയമായി വൈസ് ചാന്‍സിലര്‍മാരുടെ സംവാദം. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ. ഡോ. ജെ. ലത,കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വി.സി ഡോ. എസ് ബിജോയ് നന്ദന്‍,കണ്ണൂര്‍ സര്‍വ്വകലാശാലവൈസ് ചാന്‍സലര്‍ കെ.കെ. സാജു, എപിജെ അബ്ദുള്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വി.സി ഡോ. കെ.ശിവപ്രസാദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വിജ്ഞാന രൂപീകരണം കേരളത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. കേരളത്തിലെ സര്‍വ്വകലാശാലകള്‍  മൂല്യവര്‍ധിത കോഴ്‌സുകള്‍ കൂടുതല്‍ ആരംഭിക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി ഡോ. എസ് ബിജോയ് നന്ദന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, നല്ല അധ്യാപകര്‍ എന്നിവ ഇവിടെ പരിമിതമാണ്. നമ്മള്‍ ഉപരിപ്ലവ സമുഹമായി മാറിക്കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നമ്മള്‍ എപ്പോഴും റീഓറിയന്റ് ചെയ്യണമെന്നും പറഞ്ഞു. 

മികച്ച പ്രൊഫഷണലുകള്‍ എല്ലാവരും രാജ്യം വിട്ടു പോകുന്നത് നമുക്ക് ഭൂഷണമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വി.സി കെ.കെ സാജു പറഞ്ഞു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ജീവിതത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാണോ എന്നത് വേറൊരു പ്രധാന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെയിന്‍ സര്‍വകലാശാല മാറ്റത്തിന്റെ വക്താക്കളാണെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ.ഡോ.ജെ ലത പറഞ്ഞു.

'സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതു സര്‍വ്വകലാശാലകളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നപ്പോള്‍ എല്ലാം മാറി. ഇവിടെ മാനേജ്‌മെന്റ് തുറന്ന സമീപനമാണ്. ഈ സമ്മിറ്റിലൂടെ നമ്മള്‍ മാറ്റത്തിന്റെ വലിയ വാതിലാണ് തുറന്നിട്ടിരിക്കുന്നത്'- അവര്‍ പറഞ്ഞു.  

നൈപുണ്യ വികസനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ടതെന്ന അഭിപ്രായമായിരുന്നു എപിജെ അബ്ദുള്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വി.സി ഡോ. കെ. ശിവപ്രസാദിന്. നൈപുണ്യ വികസനം വിദ്യാര്‍ത്ഥികളുടെ ജീവിതം തന്നെ മാറ്റി മറിക്കും. മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ അവ നിങ്ങളെ മാറ്റും എന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് മോഡറേറ്ററായിരുന്നു. നിലവിലെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയും പ്രവര്‍ത്തന രീതിയും മാറേണ്ടതുണ്ടെന്നും കാലത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ലോകത്തിന് മികച്ച പ്രതിഭകളെ സംഭാവന ചെയ്യാന്‍ നമുക്ക് കഴിയില്ലെന്ന് ഡോ. ടോം ജോസഫ് പറഞ്ഞു.