'ക്ഷേത്രദർശനം എന്റെ വ്യക്തിപരമായ അവകാശം, അത് സോഫ്റ്റ് ഹിന്ദുത്വമല്ല
കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനത്തെ ചൊല്ലി ഉയർന്ന 'സോഫ്റ്റ് ഹിന്ദുത്വ' വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേത്രത്തിൽ പോകുന്നത് തന്റെ വ്യക്തിപരമായ അവകാശമാണെന്നും ദൈവവിശ്വാസം ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 37 വർഷമായി മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞാൻ ക്ഷേത്രത്തിൽ പോകുന്നത് എന്റെ വ്യക്തിപരമായ അവകാശമാണ്. ദൈവത്തിൽ വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശം എനിക്കുണ്ട്. അതിനെ എങ്ങനെ സോഫ്റ്റ് ഹിന്ദുത്വം എന്ന് വിളിക്കാനാകും?" എന്ന് സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. മുഖ്യമന്ത്രി ആയതിന് ശേഷം ക്ഷേത്രസന്ദർശനം നിർത്തിയിരുന്നെങ്കിൽ അതായിരിക്കും അസ്വാഭാവികമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ ക്ഷേത്രങ്ങളിലും പള്ളികളിലും ദേവാലയങ്ങളിലും പോകുന്നത് സാധാരണ കാര്യമാണെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു. ഈ വിവാദം ഉയർത്തുന്നത് രാഷ്ട്രീയ എതിരാളികൾക്ക് മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.