വയനാട് പുനരധിവാസം: നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മാതൃകാ ടൗൺഷിപ്പുകൾ നിർമിക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റോൺ എസ്റ്റേറ്റും ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിലെ നിയമപ്രശ്‌നങ്ങളിൽ അഡ്വക്കേറ്റ് ജനറലിൻ്റെ ഉൾപ്പെടെ വിദഗ്ധോപദേശം സർക്കാർ തേടിയിരുന്നു. എത്രയും വേഗം ഭൂമി ആവശ്യമായതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം സർക്കാർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലെ കുടുംബങ്ങളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. രണ്ട് ഘട്ടങ്ങളിലുമുള്ള ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതിന് വിശദമായ നിർദേശം നൽകാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.