വയനാട് ദുരന്തം; ചാലിയാർ നദിയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
മലപ്പുറം: വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കായി ചാലിയാർ നദി കേന്ദ്രീകരിച്ചുള്ള ഇന്നത്തെ തിരച്ചിൽ അവസാനിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ മൂന്നിലൊന്ന് ചാലിയാർ നദിയിൽ നിന്നാണ്.
ചാലിയാർ നദിയിൽ നിന്ന് ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.
അതേസമയം സൂചിപ്പാറയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ സാലി റിയാസും മുഹ്‌സിനും സൂചിപ്പാറയ്ക്ക് സമീപം പാറയിൽ കുടുങ്ങി. ഇവരിൽ രണ്ടുപേർക്ക് കാലിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഒരാൾ മറുവശത്തേക്ക് നീന്തി.
പരിക്കേറ്റ ഇരുവരെയും എയർലിഫ്റ്റ് ചെയ്തു. വൈദ്യസഹായം നൽകിയ ശേഷം മൂവരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. വളരെ സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ഇവർ ചാലിയാർ പുഴ കടന്ന് കാട്ടിലൂടെ സൂചിപ്പാറയിലേക്ക് പോയത്.
എന്നാൽ മുന്നോട്ട് പോകാൻ കഴിയാതെ രാത്രി മുഴുവൻ പാറയിൽ കുടുങ്ങി. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് സംഘത്തെ രക്ഷപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.