*വയനാടൻ വന്യത ക്യാൻവാസിൽ പകർത്തി 'വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്'*

 
Kochi
Kochi
കൊച്ചി: കനത്ത മഴ പെയ്തൊഴിയുമ്പോൾ തെളിയുന്ന പച്ചപ്പിന്റെ ഭംഗി... അതിനുള്ളിൽ തുടിക്കുന്ന സൂക്ഷ്മജീവികളുടെ അപരിചിത ലോകം... വയനാടൻ മഴക്കാടുകൾ ഒളിപ്പിച്ചുവെച്ച ഇത്തരം വിസ്മയങ്ങൾ പലപ്പോഴും നാം കാണാതെ പോകാറുണ്ട്.
കാടിന്റെ ആ അദൃശ്യസൗന്ദര്യവും വന്യതയുമാണ് ഇപ്പോൾ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നിറങ്ങളായി വിടരുന്നത്. കാടിന്റെ ആത്മാവിനെ ക്യാൻവാസിലേക്ക് ആവാഹിച്ച് കാഴ്ചക്കാർക്ക് അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതാണ് 'വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്' എന്ന ചിത്ര-ഫോട്ടോ പ്രദർശനം.
ഇവ കേവലം മരങ്ങളുടെയും മലകളുടെയും ചിത്രങ്ങളല്ല, മറിച്ച് ലക്കിടിയിലെ വയനാട് വൈൽഡ് റിസോർട്ടിൽ താമസിച്ച് ഒരു കൂട്ടം കലാകാരന്മാർ കാടിനെ അടുത്തറിഞ്ഞതിന്റെ ഫലമാണ് ഈ സൃഷ്ടികൾ. പരിചിതമല്ലാത്ത അനേകം സൂക്ഷ്മജീവികളെയും, സസ്യജാലങ്ങളെയും, മലകളെയും അവർ ക്യാൻവാസിലേക്ക് പകർത്തി. കാടിനെ അറിഞ്ഞ ആ അനുഭവത്തിൽ നിന്ന് പിറവിയെടുത്ത 29 പെയിന്റിംഗുകളാണ് പ്രദർശനത്തിലുള്ളത്. ഓരോ ചിത്രവും നമ്മൾ കാണാതെ പോകുന്ന കാടിന്റെ സൂക്ഷ്മമായ തുടിപ്പുകളെയാണ് അടയാളപ്പെടുത്തുന്നത്.
വനത്തിലെ ജീവജാലങ്ങളുടെ നേർക്കാഴ്ചകളായ മുപ്പതിൽപ്പരം ഫോട്ടോഗ്രാഫുകളും പ്രദർശനത്തിന്റെ ഭാഗമാണ്. കാടിന്റെ നിഗൂഢമായ സൗന്ദര്യവും വന്യജീവികളുടെ സ്വാഭാവിക ഭാവങ്ങളും കാഴ്ച്ചക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ ഫോട്ടോകൾ.
സിജിഎച്ച് എർത്ത് എക്സ്പീരിയൻസ് അവതരിപ്പിക്കുന്ന പ്രദർശനം പ്രശസ്ത ക്യുറേറ്റർ സത്യപാലാണ് ഒരുക്കിയിരിക്കുന്നത്. "വയനാടൻ കാടുകളുടെ സൗന്ദര്യവും വനജീവിതത്തിന്റെ പ്രാധാന്യവും വരച്ചുകാട്ടുന്ന ഈ സൃഷ്ടികൾ, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വനം വകുപ്പ് മുൻ വൈൽഡ് ലൈഫ് വാർഡൻ ജെയിംസ് സക്കറിയയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ആർട്ടിസ്റ്റ് സത്യപാൽ, സിജിഎച്ച് എർത്ത് ഗ്രൂപ്പ് സിഇഒ മൈക്കിൾ ഡൊമിനിക്, വയനാട് വൈൽഡ് റിസോർട്ട് ജി.എം ഡേവിഡ് രാജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ദീപ പാലനാടും സംഘവും അവതരിപ്പിച്ച കഥകളിപ്പദ കച്ചേരിയും ചടങ്ങിന് മിഴിവേകി.
അജയകുമാർ, അജിത് കുമാർ ജി, ബൈജുദേവ്, ബേസിൽ ബേബി, ബിജി ഭാസ്‌കർ, ഡൈംലർ പെരേര, ഡേവിഡ് രാജു, മൈക്കിൾ ഡൊമിനിക് തുടങ്ങി പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കുന്ന ഈ പ്രദർശനം നവംബർ 30-ന് സമാപിക്കും.