‘ആരാണ് രാജിവച്ചെന്ന് പറഞ്ഞത്?’; ശ്രീലേഖ തുടരുമെന്ന് തിരുവനന്തപുരം മേയർ, ബിജെപിക്ക് ആശ്വാസം

 
Kerala

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചെന്ന റിപ്പോർട്ടുകൾ തള്ളി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ശ്രീലേഖ രാജിവച്ചിട്ടില്ലെന്നും അവർ കൗൺസിലറായി തുടരുമെന്നും മേയർ വ്യക്തമാക്കി. ‘ആരാണ് രാജിക്കത്ത് നൽകിയെന്ന് പറഞ്ഞത്? അവർ തുടരും’ എന്നായിരുന്നു മാധ്യമങ്ങളോടുള്ള മേയറുടെ പ്രതികരണം.

ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായ ശ്രീലേഖ രാജിക്കത്ത് നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെപ്റ്റംബർ 30ന് മേയർക്ക് കത്ത് കൈമാറിയെന്നും ഒക്ടോബർ അഞ്ചിന് ജില്ലാ കളക്ടർക്ക് പകർപ്പ് നൽകുമെന്നും വാർഡ് വാട്സാപ് ഗ്രൂപ്പിൽ ശ്രീലേഖ അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോർപറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് പിന്നീട് വ്യക്തമായത്.

ശ്രീലേഖയ്ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളും വാർഡിലെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രയാസങ്ങളുമുണ്ടെന്ന് മേയർ വിശദീകരിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും ആവശ്യമായ പിന്തുണ നൽകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്ന റിപ്പോർട്ടുകളും ബിജെപി നേതാക്കൾ നിഷേധിച്ചു.

നേരത്തെ ശ്രീലേഖ രാജിവച്ചതായി റിപ്പോർട്ടുകൾ വന്നതോടെ 101 അംഗ തിരുവനന്തപുരം കോർപറേഷൻ കൗൺസിലിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഭൂരിപക്ഷം സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. എന്നാൽ ശ്രീലേഖ തുടരുമെന്ന പുതിയ നിലപാട് ബിജെപിക്ക് താൽക്കാലിക ആശ്വാസമായി.