ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്നും മുന്നിൽ തന്നെയുണ്ടാകും...": രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

 
Rahul

കൽപ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ബുധനാഴ്ച ജില്ലാ കളക്ടർ രേണു രാജ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും അനുഗമിച്ചു. രാവിലെ 10 മണിക്ക് ഹെലികോപ്റ്ററിൽ തലയ്ക്കലിലെ റിപ്പൺ എസ്റ്റേറ്റ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി കൽപ്പറ്റയിലേക്ക് പുറപ്പെട്ടു. നാമനിർദേശ പത്രിക സമർപ്പിച്ച കളക്‌ട്രേറ്റിലേക്കുള്ള വഴിയിൽ റോഡ്‌ഷോ നടത്തി.

മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ താൻ എന്നും മുൻപന്തിയിലായിരിക്കുമെന്നും വയനാട്ടിലെ എംപിയാകാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിൽ 4 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഇത്തവണയും ആ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്.

അതേസമയം എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും നാമനിർദേശ പത്രിക സമർപ്പിച്ചു. സി കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളും അവർക്കൊപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയെപ്പോലെ ആനി രാജയും റോഡ്‌ഷോ കഴിഞ്ഞ് കളക്‌ട്രേറ്റിലെത്തി. അതേസമയം കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. ഭാര്യ സിന്ധു കൃഷ്ണ, മകൾ ദിയ എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്.