ആർജെഡി വിട്ട് മുസ്ലീം ലീഗിൽ ചേർന്നതിന് വനിതാ കൗൺസിലറെ ക്രൂരമായി മർദ്ദിച്ചു
കോഴിക്കോട്: പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് കൗൺസിൽ യോഗത്തിനിടെ ക്രൂരമായ ആക്രമണം. ആർജെഡി വിട്ട് മുസ്ലീം ലീഗിൽ ചേർന്നതിന് ഫിറോക്ക് മുനിസിപ്പാലിറ്റിയിലെ ആർജെഡി കൗൺസിലർ ഷനുബിയ നിയാസ് ആക്രമിക്കപ്പെട്ടു.
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ഇടതു പക്ഷ എംഎൽഎമാരുടെ സംഘം ഷനുബിയയുടെ കഴുത്തിൽ ചെരുപ്പ് മാല ചാർത്താൻ ശ്രമിച്ചു. ഇതിനെ യുഡിഎഫ് അംഗങ്ങൾ എതിർത്തതോടെ സംഘർഷമുണ്ടായി.
ഇടതുപക്ഷ അംഗങ്ങൾ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ഷനുബിയ പറഞ്ഞു. നടന്നത് ക്രൂരമായ പ്രതികാരമായിരുന്നു. സിപിഎമ്മുകാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗൺസിൽ തുടങ്ങാനിരിക്കെയാണ് എൽഡിഎഫ് കൗൺസിലർമാർ എനിക്കെതിരെ മോശം മുദ്രാവാക്യം വിളിച്ചത്.
ഇതേത്തുടർന്നാണ് സംഘർഷമുണ്ടായത്. ഞാനൊരു സ്ത്രീയാണെന്ന കാര്യം പോലും പരിഗണിക്കാതെയാണ് അവർ എന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്.