മൂവാറ്റുപുഴ ജിഎച്ചിൽ പിതാവിനെ കാണാനെത്തിയ യുവതി കുത്തേറ്റു മരിച്ചു

 
crime

കൊച്ചി: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിയായ സിംന ഷക്കീർ എന്ന യുവതി പിതാവിനെ ആശുപത്രിയിൽ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. പുന്നമറ്റം സ്വദേശി ഷാഹുൽ ഹമീദാണ് പ്രതി.

സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിൽ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ഇരുവർക്കും പരസ്പരം അറിയാമെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയ സിംനയെ ഹമീദ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കഴുത്തിലും മുതുകിലും അയാൾ കുത്തി.

കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ദൃക്‌സാക്ഷി പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് ഓടിയെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യത്തിൻ്റെ കാരണം അറിവായിട്ടില്ല.