സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നു: അഡ്വ. പി. സതീദേവി

 
sathee devi

ആലപ്പുഴ: സമൂഹത്തില്‍ സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മത്സ്യ സംസ്‌കരണ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 

വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ വേതനം ലഭിക്കുന്നില്ല. ചിലയിടങ്ങളില്‍ വിവാഹ ശേഷം ജോലി നിഷേധിക്കുന്നുണ്ട്. ഗര്‍ഭിണിയായ ശേഷം തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. അടുത്തിടെ ഒരു ഡോക്ടര്‍ക്ക് അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പ്രസവ ആനുകൂല്യം നിഷേധിച്ചുവെന്ന പരാതി വനിതാ കമ്മിഷന്റെ പരിഗണനയ്ക്കു വന്നിരുന്നു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരി അല്ല എന്ന സമീപനമാണ് സ്ഥാപന മാനേജ്‌മെന്റ് കൈക്കൊണ്ടത്. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം ഉറപ്പുവരുത്തേണ്ടതുണ്ട്. 

രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതേപോലെ വനിതാ ക്ഷേമ പദ്ധതികള്‍ ഏറ്റവും മികച്ച നിലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളുടെയും പ്രയോജനം സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയെന്നതാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. വിവേചനങ്ങളും ചൂഷണങ്ങളും സംബന്ധിച്ച പരാതികള്‍ പരിശോധിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയുമാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. 

എല്ലാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലേക്കും നേരിട്ടു ചെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനായി പബ്ലിക് ഹിയറിംഗ്, പട്ടികവര്‍ഗ മേഖലാ ക്യാമ്പ്, തീരദേശ ക്യാമ്പ് തുടങ്ങിയ പരിപാടികള്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ചു വരുകയാണ്. സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അവസരമാണ് വനിതാ കമ്മിഷന്‍ ഒരുക്കിയിട്ടുള്ളത്.

എട്ടുലക്ഷത്തോളം സ്ത്രീകള്‍ മത്സ്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അനുമാനിക്കുന്ന കേരളത്തില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശ പരിരക്ഷ ഉറപ്പുവരുത്താന്‍ തൊഴില്‍ വകുപ്പിന്റെയും തൊഴിലാളി സംഘടനകളുടെയും ഇടപെടല്‍ ഉണ്ടാകണം. ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്‌ഐ, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ എല്ലാം തൊഴിലാളികള്‍ക്ക് ലഭ്യമാകണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 

കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിന്റെ ഒരു അംശം മത്സ്യ സംസ്‌കരണ രംഗത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവയ്ക്കണമെന്ന്  അഡ്വ. എ.എം. ആരിഫ് എംപി പറഞ്ഞു. ചെമ്മീന്റെ ലഭ്യത കുറവ് ഈ മേഖലയിലെ തൊഴിലിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. മത്സ്യതൊഴിലാളികള്‍ക്കു ലഭിക്കുന്ന ക്ഷേമനിധിക്കു തത്തുല്യമായ പരിഗണന മത്സ്യ സംസ്‌കരണ രംഗത്തെ തൊഴിലാളികള്‍ക്കും ലഭിക്കുന്നതിന് വനിതാ കമ്മിഷന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും എംപി പറഞ്ഞു.
 
മത്സ്യസംസ്‌കരണ രംഗത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് അരൂര്‍ മണ്ഡലമെന്ന് ദലിമ ജോജോ എംഎല്‍എ പറഞ്ഞു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരമുണ്ടാക്കാന്‍ വനിതാ കമ്മിഷന്‍ നടത്തുന്ന പരിശ്രമത്തെ അഭിനന്ദിക്കുന്നു. വിവാഹ ശേഷം സ്ത്രീകളുടെ സ്വര്‍ണം കൈക്കലാക്കി അവരെ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത് വര്‍ധിച്ചു വരുകയാണെന്നും എംഎല്‍എ പറഞ്ഞു. 

വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിക് ഹിയറിംഗില്‍ അംഗം വി.ആര്‍. മഹിളാമണി,  ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന,  അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ മേരി സുജ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് ഒന്ന് ജി. ഷിബു ചര്‍ച്ച നയിച്ചു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍

* ഒരു ടോക്കണ്‍ ചെമ്മീന്‍ കിള്ളുമ്പോള്‍ 19.50 രൂപയാണ്് തൊഴിലാളിക്കു ലഭിക്കുക. പലപ്പോഴും ഒരു ടോക്കണില്‍ രണ്ടു കിലോഗ്രാം വരെ ചെമ്മീന്‍ കിള്ളേണ്ടി വരുന്നു.  ഈ കൂലി അപര്യാപ്തമാണ്. ചെറിയ ചെമ്മീനാണെങ്കില്‍ 20 ടോക്കണേ ചെയ്യാന്‍ കഴിയുന്നുള്ളു. 

***ആഴ്ചയില്‍ ഒരിക്കലാണ് കൂലി നല്‍കുന്നത്. 

* നിലത്തിരുന്ന് ചെമ്മീന്‍ കിള്ളുന്ന തൊഴിലാളികള്‍ക്ക് 
ഇരിക്കുന്നതിനായുള്ള സൗകര്യം ലഭ്യമല്ല. 

* പീലിംഗ് തൊഴിലാളികള്‍ക്ക് ഇസ്‌ഐ, പിഎഫ് അനുകൂല്യങ്ങള്‍ ലഭ്യമല്ല. 

* ഓണക്കാലത്ത് 500 രൂപയും അഞ്ചു കിലോഗ്രാം അരിയും മാത്രമാണ് ബോണസായി ലഭ്യമാകുന്നത്. 

* പീലിംഗ് ഷെഡുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം.

***പീലിംഗ് ഷെഡുകളില്‍ സമയക്രമം നിര്‍ണയിച്ചിട്ടില്ല. ഇതുമൂലം എട്ടു മണിക്കൂറില്‍ ഏറെയും തൊഴിലില്‍ ഏര്‍പ്പെടേണ്ടി വരുന്നു. 

* ചില സ്ഥലങ്ങളില്‍ ജോലി പൂര്‍ത്തിയാക്കാതെ ശുചിമുറിയില്‍ പോകാന്‍ അനുവദിക്കുന്നില്ല. ജോലിക്കിടയില്‍ വിശ്രമവേള അനുവദിക്കുന്നില്ല. 

* കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നതു മൂലം ഗര്‍ഭാശയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. 

* ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കണം. 

* തൊഴിലിടങ്ങളില്‍ മസ്റ്ററിംഗ് ഏര്‍പ്പെടുത്തണം. 

* മെഡിസിന്‍ കിറ്റോ, മെഡിക്കല്‍ സംവിധാനങ്ങളോ ലഭ്യമല്ല. 

***മണിക്കൂറുകളോളം ഐസില്‍ ജോലി ചെയ്യുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കുന്നില്ല. 

* അറുപതും ഇതിനു മുകളില്‍ പ്രായമുള്ളവരുമായ സ്ത്രീകളാണ് പീലിംഗ് മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതിനാല്‍ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇവര്‍ക്ക് തടസമാകുന്നുണ്ട്. 

* വേതന കുറവ് ഉള്ളതിനാല്‍ പുതിയ തലമുറയില്‍ ഉള്ളവര്‍ ഈ തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നില്ല. 

***തൊഴില്‍ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വന്നിട്ടില്ലാത്തതിനാല്‍ യാതൊരു വിധ തൊഴില്‍ സുരക്ഷാ പരിഗണനയും സേവന വേതന വ്യവസ്ഥയും ഈ മേഖലയില്‍ ലഭ്യമല്ല. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ ആ സമയം മുതല്‍ പ്രസ്തുത ജോലിയില്‍ തുടരണ്ട എന്ന നയമാണ് തൊഴിലുടമകള്‍ സ്വീകരിക്കുന്നത്. ഇതിനാല്‍ കൊടിയ പീഡനം അനുഭവിച്ചാണ് ഈ മേഖലയിലെ സ്ത്രീകള്‍ ജോലി ചെയ്യുന്നത്.