'വനിതാ സംവരണ ബിൽ ഇന്ത്യയെ മാറ്റും, പ്രധാനമന്ത്രി മോദിക്ക് നന്ദി'; നടി ശോഭന

 
sobhana

തൃശൂർ: ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് നടി ശോഭന. തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോഡിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രണ്ട് തവണ ദേശീയ അവാർഡ് നേടിയ നടി. ജീവിതത്തിൽ ആദ്യമായാണ് ഇത്രയധികം സ്ത്രീകൾ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് കാണുന്നതെന്ന് ശോഭന പറഞ്ഞു.

ഏറെ പരിവർത്തനങ്ങൾക്കു ശേഷവും വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അത് മാറ്റാൻ വനിതാ സംവരണ ബില്ലിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ഒരു ശകുന്തള ദേവി ഒരു കൽപന ചൗളയും ഒരു കിരൺ ബേദിയും മാത്രമേയുള്ളൂ. അത് മാറും. ശക്തമായ നേതൃത്വത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്.

വനിതാ സംവരണ ബിൽ നിശ്ചയദാർഢ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ഒരു ഭാരതീയൻ എന്ന നിലയിൽ ഞാൻ ഈ ബില്ലിനെ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും കാണുന്നു. മോദിക്കൊപ്പം വേദി പങ്കിടാൻ എന്നെ അനുവദിച്ചതിന് നന്ദി, ഈ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രിക്ക് പ്രത്യേക നന്ദി’ ശോഭന പറഞ്ഞു.

ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എംപി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, ടെക്‌സ്‌റ്റൈൽ മാഗ്നറ്റ് ബീന കണ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.