ഓണാഘോഷങ്ങൾക്കും യാത്രകൾക്കും തിരിച്ചടി, 8 ജില്ലകളിൽ മഞ്ഞ അലർട്ട്
ഓണാഘോഷങ്ങൾക്കിടെ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഓഗസ്റ്റ് 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികളെയും യാത്രകളെയും മഴ ബാധിച്ചേക്കാം. മലയോര മേഖലകളിലും വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ നിർദേശിച്ചു.