‘തിയറ്ററിൽ ഒരു ചായ കുടിക്കാൻ പോലും ലോൺ എടുക്കേണ്ട അവസ്ഥ’; അമിത ഭക്ഷണവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ

 
Kerala

തിരുവനന്തപുരം: സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്ത്. പുറത്ത് ₹25–30 രൂപയ്ക്ക് ലഭിക്കുന്ന പോപ്‌കോണിന് തിയറ്ററിനുള്ളിൽ ₹250–300 വരെ ഈടാക്കുന്നുവെന്നാണ് മേയർ ചൂണ്ടിക്കാട്ടിയത്. 

തിയറ്ററിൽ ഒരു ചായ വാങ്ങാൻ പോലും ലോൺ എടുക്കേണ്ട അവസ്ഥയാണെന്നായിരുന്നു മേയറുടെ പരിഹാസം. കുട്ടികളുമായി സിനിമ കാണാനെത്തുന്ന ഒരു കുടുംബത്തിന് പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഏകദേശം ₹1,000 വരെ ചെലവാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണവില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും ജനങ്ങളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് അനിവാര്യമാണെന്ന് മേയർ വ്യക്തമാക്കി. അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലീഗൽ മെട്രോളജി വകുപ്പ് വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും മേയർ ആവശ്യപ്പെട്ടു. തിയറ്ററിനുള്ളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ സർക്കാർ തലത്തിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ തിയറ്ററിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാത്ത സാഹചര്യത്തിൽ അകത്തെ ഭക്ഷണവില അമിതമായി ഉയർത്തുന്നത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നുവെന്ന വിമർശനവും ശക്തമാകുകയാണ്.