ഹെൽമെറ്റ് അടിച്ച് യുവാവ് മരിച്ചു; ഡി.വൈ.എഫ്.ഐ നേതാവടക്കം അഞ്ച് പേർ അറസ്റ്റിൽ
ആലപ്പുഴ: ഹെൽമറ്റ് തലയിൽ തട്ടി യുവാവ് മരിച്ചു. ക്ഷേത്രോത്സവത്തിന് പിന്നാലെ ആലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം. ആനന്ദഭവൻ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്.
ഇന്നലെ ഒറ്റപ്പന കുരുത്തൂർ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജഗത് സൂര്യൻ അടക്കം അഞ്ചുപേരാണ് കേസിൽ അറസ്റ്റിലായത്. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡൻ്റായ ജഗത്താണ് കേസിലെ ഒന്നാം പ്രതി.
അതിനിടെ പാലക്കാട് ആലത്തൂരിലെ ബാറിലുണ്ടായ വെടിവെപ്പിൽ മാനേജർക്ക് ഗുരുതരമായി പരിക്കേറ്റു. കാവശ്ശേരി ആലത്തൂരിലെ ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറുമാസം മുമ്പ് തുറന്ന ബാറിലാണ് സംഭവം.
ഒരു സംഘം ആളുകൾ ബാറിലേക്ക് വരികയും മാനേജരുമായുണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ബാറിലെ സർവീസ് മോശമാണെന്ന് പറഞ്ഞിരുന്നു. ഇത് സംഘർഷത്തിൽ കലാശിച്ചു. ബാർ മാനേജർ രഘുനന്ദനാണ് വെടിയേറ്റത്. എയർ പിസ്റ്റളാണ് അക്രമികൾ ഉപയോഗിച്ചത്.
സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രഘുനന്ദന് പുറകിലാണ് വെടിയേറ്റത്. ഇയാൾ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.