യൂട്യൂബർ അറസ്റ്റിൽ; ഇരുമ്പ് കസേര കൊണ്ട് എസ്‌എച്ച്‌ഒയെ ആക്രമിച്ചെന്നും പൊലീസ് ജീപ്പ് തകർത്തെന്നും കേസ്
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്‌എച്ച്‌ഒ) ഇരുമ്പ് കസേര കൊണ്ട് ആക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്ത കേസിൽ ഒരു യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ സ്വദേശിയായ 23-കാരൻ യദുകൃഷ്ണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാത്രി മദ്യക്കുപ്പിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി അവിടെയുണ്ടായിരുന്ന പൊലീസ് ജീപ്പിന്റെ കണ്ണാടിയും വയർലെസ് ആന്റിനയും തകർത്തതായും സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതായും പൊലീസ് അറിയിച്ചു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആര്യനാട് എസ്‌എച്ച്‌ഒ ദേവരാജനെ പിന്തുടർന്നെത്തിയ പ്രതി സമീപ ആശുപത്രിയിൽ കയറിയ ശേഷം ഇരുമ്പ് കസേര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
ആക്രമണത്തിൽ എസ്‌എച്ച്‌ഒയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന് തുന്നൽ ഇടേണ്ടിവന്നതായും തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.
പ്രതിക്കെതിരെ കൊലപാതകശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, ക്രിമിനൽ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ മുമ്പും മറ്റ് കേസുകൾ നിലവിലുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.