സാമൂതിരി രാജ പി. കെ. കേരളവർമ അന്തരിച്ചു
കോഴിക്കോട്: സാമൂതിരി രാജ പി. കെ. കേരളവർമ (89) അന്തരിച്ചു. കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ അംഗമായിരുന്ന അദ്ദേഹം ഫാർമക്കോളജി വിദഗ്ധനായിരുന്നു. ബിസിനസ് രംഗത്തെ മികവിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ബലരാമവർമയുടെ മകനാണ് പി. കെ. കേരളവർമ. അദ്ദേഹത്തിന്റെ മാതാവ് ശ്രീദേവി വർമ്മ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെയും മാറുമറയ്ക്കൽ സമരത്തിൽ പങ്കെടുത്തതിലൂടെയും ശ്രദ്ധേയയായിരുന്നു.
സാമൂതിരി കോളജിൽ പഠനം പൂർത്തിയാക്കിയ കേരളവർമ അഹമ്മദാബാദിലെ എൽ.എം. കോളജ് ഓഫ് ഫാർമസിയിൽ നിന്ന് ബിരുദം നേടി. മുംബൈയിലെ ജർമൻ റെമഡീസ് മരുന്ന് നിർമാണ കമ്പനിയിൽ ജോലി ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നോൺ-മെഡിക്കൽ ട്യൂട്ടറായി പ്രവർത്തിച്ചു. പിന്നീട് നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ് എന്ന പേരിൽ സ്വന്തം മരുന്ന് നിർമാണ കമ്പനി ആരംഭിച്ചു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജയശ്രീ വർമ്മ. മക്കൾ സുനീത രാജ, ഡോ. സുജിത് വർമ്മ.