മണക്കാട് - തിരുവല്ലം റോഡിലെ ദുരവസ്ഥ: പരിഹാര നിർദ്ദേശങ്ങളുമായി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഗതാഗതയോഗ്യമല്ലാതായി മാറിയ മണക്കാട് - തിരുവല്ലം റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി പൊതുമരാമത്തിന്റെയും ജല അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇരുവകുപ്പുകളിലെയും ചീഫ് എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി.
ഒക്ടോബർ 10 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥർ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മണക്കാട് - തിരുവല്ലം റോഡിലെ കല്ലാട്ടുമുക്ക് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതായി പറയുന്ന പദ്ധതി എന്നാണ് തുടങ്ങിയതെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം സമർപ്പിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കണം. ഏത് സർക്കാർ വകുപ്പിനാണ് പദ്ധതിയുടെ ചുമതലയെന്ന് വ്യക്തമാക്കണം. ഈ റോഡിൽ എത്ര കുഴികളുണ്ടെന്നും ടാർ ഇളകാൻ കാരണമെന്തന്നും വ്യക്തമാക്കണം.കുറ്റമറ്റ രീതിയിൽ എന്ന് പണി പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കണം.
റിപ്പോർട്ട് തയ്യാറാക്കാൻ ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തണമെന്ന് കമ്മീഷൻ പൊതു മരാമത്ത് ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. അസി. എഞ്ചിനീയറുടെ റിപ്പോർട്ട് പഠിച്ച് ചീഫ് എഞ്ചിനീയർ ( റോഡ്സ്) പ്രശ്ന പരിഹാര നടപടികൾ അടങ്ങുന്ന റിപ്പോർട്ട് സെപ്റ്റംബർ 30 ന് മുമ്പ് സമർപ്പിക്കണം.
പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതു കാരണമാണ് റോഡ് തകർന്നതെന്ന് ആക്ഷേപമുള്ളതിനാൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ എന്നാണ് കുഴിയെടുത്തതെന്നും കുഴിയടക്കാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും ജല അതോറിറ്റി വ്യക്തമാക്കണം. പൈപ്പ് സ്ഥാപിക്കലും കുഴിയടക്കലും കുറ്റമറ്റ രീതിയിൽ എന്ന് പൂർത്തിയാക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ജല അതോറിറ്റി ചീഫ് എഞ്ചിനീയർ ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തണം. അസി. എഞ്ചിനീയറുടെ റിപ്പോർട്ട് പഠിച്ച് ചീഫ് എഞ്ചിനീയർ പ്രശ്ന പരിഹാര നടപടികൾ അടങ്ങുന്ന റിപ്പോർട്ട് സെപ്റ്റംബർ 30 ന് മുമ്പ് കമ്മീഷനിൽ സമർപ്പിക്കണം.
വെള്ളക്കെട്ട് ഒഴിവാക്കുക, അറ്റകുറ്റപണികൾ നടത്തുക,പൈപ്പുകൾ സ്ഥാപിക്കുക എന്നിവയ്ക്കായി ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പൊതു റോഡുകളിൽ നടത്തുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ അനന്തമായി നീളുന്നത് റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണമാകുന്നതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു. കുഴികളും മറ്റും ഒഴിവാക്കി സുഗമമായ സഞ്ചാര സ്വാതന്ത്ര്യം പൊതുജനങ്ങൾക്ക് ഒരുക്കി കൊടുക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.