കേരളത്തിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു, വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ ദുരന്തമായി തരംതിരിച്ചു

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തു. സംസ്ഥാനത്തിൻ്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് വയനാട് ദുരന്തത്തെ അതീവഗുരുതര ദുരന്തമായി പെടുത്തിയതായി കേന്ദ്രം അറിയിച്ചത്. എന്നാൽ കേരളം ആവശ്യപ്പെട്ട പ്രകാരം ലെവൽ 3 ആയി ഇതിനെ തരംതിരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. 2,219 കോടി രൂപയുടെ പാക്കേജാണ് മന്ത്രിതല സമിതി ഇപ്പോൾ പരിശോധിക്കുന്നത്. മാർഗനിർദേശങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ കേരളത്തിന് 783 കോടി രൂപയുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നവംബർ 16ന് 153 കോടി രൂപ കേരളത്തിന് അനുവദിച്ചതായും അതിൽ പറയുന്നു.
വയനാട് പാക്കേജ് സംബന്ധിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം യുഡിഎഫ്, എൽഡിഎഫ് എംപിമാരും ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള സംഘം 2,221 കോടി രൂപയുടെ സഹായം അഭ്യർഥിച്ചു. വയനാട് പാക്കേജിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നാളെ നൽകുമെന്നും അമിത് ഷാ പറഞ്ഞു.