‘കുംഭമേള ബജറ്റിന്റെ 0.1% മതി 125 സ്കൂളുകളെ രക്ഷിക്കാൻ’

വിദ്യാഭ്യാസ ചെലവിൽ സുപ്രീം കോടതി ജഡ്ജിയുടെ വിമർശനം
 
National

നാസിക് കുംഭമേളയ്ക്കായി മാറ്റിവച്ച തുകയുടെ ചെറിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിച്ചിരുന്നെങ്കിൽ അടച്ചുപൂട്ടിയ 100 മുതൽ 125 വരെ മറാത്തി മീഡിയം സ്കൂളുകളെ രക്ഷിക്കാമായിരുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രസന്ന ബി. വരാലെ. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വിഹിതം കുറയുന്നതിലും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ഒരു ഹൈസ്കൂളിൽ ‘സ്മാർട്ട് ക്ലാസുകളുടെ’ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ. നാസിക്-ത്ര്യമ്പകേശ്വർ സിംഹസ്ഥ കുംഭമേളയ്ക്കായി സർക്കാർ 32,000 കോടി മുതൽ 34,000 കോടി രൂപ വരെ വകയിരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ 0.1 ശതമാനം, ഏകദേശം 32 കോടി രൂപ, വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ 100 മുതൽ 125 വരെ മറാത്തി മീഡിയം സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.

വൻ വികസന പദ്ധതികൾക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന മേഖലയ്ക്കും മതിയായ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് വരാലെ വ്യക്തമാക്കി.

വളരുന്ന വിദ്യാർഥി ജനസംഖ്യയ്ക്കനുസരിച്ച് വിദ്യാഭ്യാസ ബജറ്റ് വർധിക്കേണ്ടതിന് പകരം അതിന്റെ വിഹിതം കുറയുന്നതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിദ്യാർഥികളുടെ സുരക്ഷയെയും വിദ്യാഭ്യാസ നിലവാരത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ജസ്റ്റിസ് വരാലെ എടുത്തുപറഞ്ഞു. താൻ പത്താം ക്ലാസ് വരെ മുനിസിപ്പൽ, ജില്ലാ പരിഷത്ത് മറാത്തി മീഡിയം സ്കൂളുകളിലാണ് പഠിച്ചതെന്നും പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസം തന്റെ കരിയറിന് ഒരിക്കലും തടസ്സമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.