നവജാത ശിശുക്കൾക്ക് 1 ഗ്രാം സ്വർണ മോതിരം; മുഖ്യമന്ത്രി വിജയിന്റെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്പ്ര ഖ്യാപിച്ച ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതി രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് 1 ഗ്രാം സ്വർണ മോതിരം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
തമിഴ് സംസ്കാരത്തിലെ ‘തായ്മാമൻ സീർ’ എന്ന പരമ്പരാഗത ആചാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. നവജാത ശിശുക്കളെയും മാതൃത്വത്തെയും ആദരിക്കുക, സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരത്തിന് പുറമെ പ്രത്യേക ‘ബേബി വെൽക്കം കിറ്റ്’ കൂടി വിതരണം ചെയ്യും. കുഞ്ഞിന്റെ വസ്ത്രങ്ങൾ, ഡയപ്പറുകൾ, ശുചിത്വ സാമഗ്രികൾ, ബേബി ഓയിൽ, ബേബി സോപ്പ് തുടങ്ങിയ അവശ്യ വസ്തുക്കൾ കിറ്റിൽ ഉൾപ്പെടും.
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ എല്ലാ നവജാത ശിശുക്കൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 2026 ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് പദ്ധതി ബാധകമാകുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രതിവർഷം നൂറുകണക്കിന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇത്.
നവജാത ശിശുക്കൾക്ക് സർക്കാർ നേരിട്ട് സ്വർണ മോതിരം നൽകുന്ന രാജ്യത്തെ അപൂർവ ക്ഷേമപദ്ധതികളിലൊന്നായാണ് ‘തായ്മാമൻ തങ്ക മോതിരം’ വിലയിരുത്തപ്പെടുന്നത്. പദ്ധതിയിലൂടെ മാതൃ-ശിശു ക്ഷേമ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാനാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.