പശ്ചിമേഷ്യൻ സംഘർഷം: 13 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, മൂന്ന് പേരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം

 
National

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ 13 ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിന് സമീപം ആക്രമിക്കപ്പെട്ട വാണിജ്യക്കപ്പലുകളിലെ ജീവനക്കാരാണ്. 

കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഒമാൻ, യുഎഇ ഉൾപ്പെടെയുള്ള മേഖലയിലെ ഇന്ത്യൻ എംബസികൾ പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ബാധിതരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. 

പശ്ചിമേഷ്യയിലെ സുരക്ഷാസാഹചര്യം വഷളായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ പുതുതായി വിന്യസിക്കുന്നത് തൽക്കാലം ഒഴിവാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് കപ്പൽ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.