1984 ലെ സിഖ് വിരുദ്ധ കലാപം: മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ്

 
National

ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ സരസ്വതി വിഹാറിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. കോടതി നേരത്തെ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കലാപത്തിൽ സജ്ജൻ കുമാർ പങ്കാളിയാണെന്നും ജനക്കൂട്ടത്തെ നയിച്ചുവെന്നും കോടതി പറഞ്ഞിരുന്നു.

1984 നവംബർ 1 ന് ഡൽഹിയിലെ സരസ്വതി വിഹാറിൽ ഒരു അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ജസ്വന്ത് സിങ്ങും തരുൺദീപ് സിങ്ങും കൊല്ലപ്പെട്ടു. പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. സജ്ജൻ കുമാർ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് 2021 ഡിസംബർ 16 ന് കോടതി പറഞ്ഞിരുന്നു.

1984 ഒക്ടോബർ 31 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവച്ചു കൊന്നതിനെത്തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ആയുധധാരികളായ ഒരു സംഘം സിഖ് സ്വത്തുക്കൾ വൻതോതിൽ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ജസ്വന്ത് സിംഗും മകനും ഇതിനിടയിൽ കൊല്ലപ്പെട്ടു. അക്രമികൾ അവരുടെ വീട് കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. പരാതിക്കാരി ജസ്വന്ത് സിംഗിന്റെ ഭാര്യയാണ്.