1993 മുംബൈ സ്‌ഫോടനക്കേസ്: അബു സലേമിന്റെ മോചന ഹർജി തള്ളി സുപ്രീം കോടതി
1993ലെ മുംബൈ പരമ്പര സ്‌ഫോടനക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന അധോലോക കുറ്റവാളി അബു സലേമിന്റെ നേരത്തെയുള്ള മോചനത്തിനായുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പോർച്ചുഗലിൽ നിന്ന് 2005ൽ ഇന്ത്യയിലേക്ക് കൈമാറുമ്പോൾ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 25 വർഷത്തെ തടവ് പൂർത്തിയായതിനാൽ മോചിപ്പിക്കണമെന്നായിരുന്നു സലേമിന്റെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.
2002ൽ പോർച്ചുഗലിന് ഇന്ത്യ നൽകിയ ഉറപ്പിൽ സലേമിന് വധശിക്ഷ നൽകില്ലെന്നും 25 വർഷത്തിൽ കൂടുതൽ തടവ് അനുഭവിക്കേണ്ടിവരില്ലെന്നും വ്യക്തമാക്കിയിരുന്നു. 2022ൽ സുപ്രീം കോടതിയും ഈ ഉറപ്പ് പാലിക്കുന്നതിനായി കേന്ദ്രസർക്കാർ മോചനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സലേമിന് പ്രത്യേക ഇളവ് നൽകി ശിക്ഷ കുറയ്ക്കാൻ കോടതി അന്ന് തയ്യാറായിരുന്നില്ല.
2005 നവംബർ 11ന് ഇന്ത്യയിലെത്തിച്ച സലേമിന്റെ 25 വർഷത്തെ കാലാവധി കണക്കാക്കേണ്ടത് അന്നുമുതലാണെന്നാണ് കോടതിയുടെ നിലപാട്. അതനുസരിച്ച് കാലാവധി 2030 നവംബറിലാണ് പൂർത്തിയാകുക. ജയിലിൽ ലഭിച്ച റിമിഷനും വിചാരണ തടവുകാരനായി കഴിഞ്ഞ കാലവും ഉൾപ്പെടുത്തി നേരത്തേ മോചനം നൽകണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.
1993 മാർച്ച് 12ന് മുംബൈയിൽ നടന്ന പരമ്പര സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിൽ 2017ലാണ് സലേമിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നേരത്തെയുള്ള മോചനത്തിനായുള്ള അദ്ദേഹത്തിന്റെ ഹർജി 2024ൽ പ്രത്യേക ടാഡ കോടതിയും തുടർന്ന് 2026 ഏപ്രിലിൽ ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു. ഇപ്പോൾ സുപ്രീം കോടതിയും ഹർജി തള്ളിയതോടെ സലേമിന്റെ മോചന പ്രതീക്ഷയ്ക്ക് തിരിച്ചടിയായി.