ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 28 മലയാളികളെ വ്യോമമാർഗം എത്തിച്ചു


ഉത്തർകാശി: ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ വ്യോമമാർഗം എത്തിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അവരെ ഉത്തരകാശിയിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ ഓഫീസ് ഇക്കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചു.
തങ്ങളെ വ്യോമമാർഗം എത്തിച്ചതായി അറിയിച്ചതായി കുടുങ്ങിയ മലയാളി സംഘത്തിന്റെ ബന്ധുക്കൾ പറഞ്ഞു. ആകെ 335 പേരെ വ്യോമമാർഗം എത്തിച്ചു. ഇതിൽ 119 പേരെ ഡെറാഡൂണിലേക്ക് കൊണ്ടുവന്നു. അവർ ഗംഗോത്രി ക്യാമ്പിലായിരുന്നു.
അതേസമയം, ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അറുപതിലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. അപകടസ്ഥലത്ത് അറുപത് അടിയിലധികം ഉയരത്തിൽ മണ്ണും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഡാവർ നായ്ക്കളെ എത്തിച്ചിട്ടുണ്ട്.