ഇൻഡിഗോ വിമാനത്തിൽ ബീഡി വലിച്ച 42കാരൻ അറസ്റ്റിൽ

 
indigo
indigo

മുംബൈ: ഡൽഹിയിൽ നിന്ന് മുംബൈ വഴി റിയാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൻ്റെ ടോയ്‌ലറ്റിൽ നിന്ന് ബീഡി വലിച്ച 42കാരൻ അറസ്റ്റിൽ. ഡൽഹിയിൽ നിന്ന് വിമാനം കയറിയ 42 കാരനായ മുഹമ്മദ് ഫക്രുദ്ദീൻ മുഹമ്മദ് അമ്മുറുദ്ദീൻ പിന്നീട് മുംബൈയിൽ പിടിയിലായി. കാബിനിൽ രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് വിമാന ജീവനക്കാർ കക്കൂസിൽ ഇരുന്ന് ബീഡി വലിക്കുന്നത് കണ്ടെത്തി.

വിമാനം മുംബൈയിൽ ഇറക്കിയ ശേഷം പ്രതിയെ പോലീസിന് കൈമാറി. എങ്ങനെയാണ് ഇയാൾ വിമാനത്തിനുള്ളിൽ ബീഡിയും ലൈറ്ററും ഒളിപ്പിച്ചതെന്ന് വ്യക്തമല്ല. ചോദ്യം ചെയ്യലിൽ മുഹമ്മദ് ഫക്രുദ്ദീൻ റിയാദിലാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയതായി എയർലൈൻ അധികൃതർ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത്), എയർക്രാഫ്റ്റ് ആക്‌ട് എന്നിവ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് മുഹമ്മദ് ഫക്രുദ്ദീനെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.