വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് സ്‌മൈൽ ഡിസൈനിംഗ് സർജറിക്കിടെ 28 കാരനായ യുവാവ് മരിച്ചു

 
Death

ഹൈദരാബാദ്: സ്‌മൈൽ ഡിസൈനിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ഹൈദരാബാദിൽ മരിച്ചു. കുക്കട്ട്‌പള്ളിക്കടുത്ത് ഹൈദർ നഗറിലെ ലക്ഷ്മി നാരായണ വിഞ്ജം എന്ന യുവാവാണ് വിവാഹത്തിന് മുന്നോടിയായി പുഞ്ചിരി വർധിപ്പിക്കുന്നതിനായി സ്‌മൈൽ ഡിസൈനിംഗ് സർജറിക്ക് വിധേയനായിരിക്കെ മരിച്ചത്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം.

ഫെബ്രുവരി 16ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇൻ്റർനാഷണൽ ഡെൻ്റൽ ക്ലിനിക്കിലാണ് വ്യവസായിയായ ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അമിതമായി അനസ്തേഷ്യ നൽകിയതാണ് മകൻ്റെ മരണത്തിന് കാരണമെന്ന് പിതാവ് വിഞ്ജം രാമുലു ആരോപിച്ചു.

ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധംകെട്ടുവീണതായി അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയയ്ക്കായി ലക്ഷ്മി നാരായണ ഒറ്റയ്ക്കാണ് ആശുപത്രിയിൽ എത്തിയത്. വൈകുന്നേരം മകൻ്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആശുപത്രി ജീവനക്കാർ ഫോൺ എടുത്തെന്നും ഓപ്പറേഷനിൽ മകൻ ബോധരഹിതനായെന്ന് അറിയിച്ചെന്നും രാമുലു പറഞ്ഞു.

തുടർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. വീട്ടിൽ നിന്ന് പോകുന്നതുവരെ മകൻ പൂർണ ആരോഗ്യവാനായിരുന്നുവെന്ന് രാമുലു പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നും രാമുലു ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.