273 യാത്രക്കാരുമായി പോയ ബോയിംഗ് 757 കോണ്ടോർ വിമാനത്തിൽ ആകാശത്ത് വെച്ച് തീ പിടിച്ചു; പൈലറ്റിന്റെ തീരുമാനം രക്ഷിച്ചു


റോം: ഗ്രീസിലെ കോർഫുവിൽ നിന്ന് ഡസൽഡോർഫിലേക്ക് പറന്നുയർന്ന വിമാനം ആകാശത്ത് വെച്ച് ഒരു ഭീഷണിയെ അതിജീവിച്ച് ഇറ്റലിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. 273 യാത്രക്കാരും എട്ട് ജീവനക്കാരും സഞ്ചരിച്ചിരുന്ന ബോയിംഗ് 757-300 കോണ്ടോറിന്റെ എഞ്ചിനിൽ തീ പിടിച്ചു.
ശനിയാഴ്ച രാത്രി വിമാനത്തിന്റെ വലത് എഞ്ചിന് തീ പിടിച്ചതിനെ തുടർന്നാണ് സംഭവം. അടിയന്തര ലാൻഡിംഗ് നടത്തിയ ശേഷം, അടുത്ത ദിവസം വിമാനം ഡസൽഡോർഫിലേക്ക് പറന്നുയർന്നു. ആകാശത്ത് വിമാനത്തിന് തീ പിടിക്കുന്നതിന്റെ 18 സെക്കൻഡ് ദൈർഘ്യമുള്ള ഭയാനകമായ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വീഡിയോയിൽ വിമാനത്തിന്റെ ഫ്യൂസ്‌ലേജിന്റെ വലതുവശത്ത് നിന്ന് തീപ്പൊരികൾ പറക്കുന്നത് കാണാം. വിമാനത്തിന് സമീപം ഒരു കൂട്ടം പക്ഷികളെ കാണാം. പക്ഷി ഇടിച്ചതിന് ശേഷം എഞ്ചിന് തീ പിടിച്ചതായി സംശയിക്കുന്നു.
തകരാറുള്ള എഞ്ചിൻ ഒരു പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ ഉടൻ പൈലറ്റ് അത് ഓഫാക്കി. ഒറ്റ എഞ്ചിനിൽ പറന്നുകൊണ്ടിരുന്ന വിമാനം പിന്നീട് ഇറ്റലിയിലെ ബ്രിൻഡിസിയിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലുകളിൽ മുറികൾ ലഭ്യമല്ലാത്തതിനാൽ യാത്രക്കാർക്ക് രാത്രി മുഴുവൻ വിമാനത്തിൽ തന്നെ തങ്ങേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമാപണം നടത്തി.
'അറ്റാരി ഫെരാരി' എന്ന് വിളിപ്പേരുള്ള ബോയിംഗ് 757 ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിമാന മോഡലുകളിൽ ഒന്നാണ്. ഏകദേശം 50 വർഷമായി ഇത് സർവീസിലുണ്ട്. കഴിഞ്ഞ മാസം യുഎസ് എയർലൈൻ ഡെൽറ്റ നടത്തുന്ന ലോസ് ഏഞ്ചൽസ് അറ്റ്ലാന്റ വിമാനവും ഇടത് എഞ്ചിനിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തി.