പുതുതായി നിർമിച്ച മൂന്ന് നില വീട് ഗൃഹപ്രവേശത്തിന് തൊട്ടുമുമ്പ് തകർന്നു

 
Collapse

പുതുച്ചേരി: ഗൃഹപ്രവേശത്തിന് തൊട്ടുമുമ്പ് പുതുതായി നിർമിച്ച മൂന്ന് നില വീട് തകർന്നുവീണ് ഞെട്ടിക്കുന്ന സംഭവം. പുതുച്ചേരി ആറ്റുപട്ടിയിലെ അംബേദ്കർ നഗറിൽ ഇന്നലെയാണ് സംഭവം. ഗ്രാമത്തിലൂടെ ഒഴുകുന്ന ഡ്രെയിനേജ് കനാൽ നവീകരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങ് കുഴിച്ചതാണ് വീട് തകർന്നതെന്നാണ് വിവരം.

കനാൽ നവീകരണത്തിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചതിനെ തുടർന്ന് പ്രദേശത്ത് കനത്ത കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു. കനാലിന്റെ തീരത്ത് സർക്കാർ അനുവദിച്ച ഭൂമിയിൽ ഏതാനും വീടുകൾ പണിതിരുന്നു. മറൈമല അടിഗൽ ശാലയെയും കാമരാജ് ശാലയെയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന്റെ ഭാഗമായി കനാലിന് സമീപം പൊതുമരാമത്ത് വകുപ്പ് ജോലികൾ നടന്നിരുന്നു.

അപകടസമയത്ത് വീട്ടിലും പരിസരത്തും ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ലക്ഷ്മിനാരായണൻ അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പും റവന്യൂ വകുപ്പും റിപ്പോർട്ട് നൽകും. ഉടൻ അന്വേഷണം നടത്തുമെന്നും വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, വീടിന്റെ ഉടമയ്ക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കരാറുകാരന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച എഐഎഡിഎംകെ നേതാക്കൾ ഉത്തരവാദിത്തം പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.