ഡൽഹി മദ്യനയ കേസിൽ എഎപിയെ പ്രതിയാക്കി

 
AAP

ന്യൂഡൽഹി: മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിയാക്കി എൻഫോഴ്‌സ്‌മെൻ്റ്  ഡയറക്ടറേറ്റ് വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ പരാതി നൽകുകയാണെന്നും എഎപിയെ പ്രതിയാക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. അറസ്റ്റിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

ഡൽഹി സർക്കാരിൻ്റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് മദ്യനയ കേസ്. എക്‌സൈസ് നയം പരിഷ്‌ക്കരിക്കുന്നതിനിടയിൽ ക്രമക്കേട് നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും കേസ് അന്വേഷിക്കുന്ന സിബിഐയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും പറയുന്നു.

സൗത്ത് ഗ്രൂപ്പ് നൽകിയ 100 കോടി രൂപ കൈക്കൂലിയിൽ 45 കോടി രൂപ എഎപി 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും അരവിന്ദ് കെജ്‌രിവാളിനെ അഴിമതിയുടെ രാജാവ് എന്ന് വിളിച്ചെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

ഡൽഹി സർക്കാരിന് 2,873 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന 6 ശതമാനം കിക്ക്ബാക്കിന് പകരമായി മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം എഎപി സർക്കാർ 12 ശതമാനമായി ഉയർത്തി. പാർട്ടിക്ക് വേണ്ടി എഎപി മീഡിയ മേധാവി വിജയ് നായർ ഒരു ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് 100 കോടി രൂപ അഡ്വാൻസ് വാങ്ങിയെന്നാണ് ആരോപണം.

കേസിൽ ഇതുവരെ ഏഴ് കുറ്റപത്രങ്ങളാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമർപ്പിച്ചത്. അരവിന്ദ് കെജ്‌രിവാൾ എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ബിആർഎസ് നേതാവ് കെ കവിത, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് 10നാണ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.