കണ്ണ് ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി തേടി അഭിഷേക് ബാനർജി
കൊൽക്കത്ത: കണ്ണിന്റെ തുടർചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി തേടി തൃണമൂൽ കോൺഗ്രസ് എംപിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കൊൽക്കത്ത ഹൈക്കോടതി തള്ളി. വിഷയത്തിൽ ഉടൻ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
നിലവിൽ ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് യാത്ര ചെയ്യരുതെന്ന വ്യവസ്ഥ അഭിഷേക് ബാനർജിക്ക് ബാധകമാണ്. ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കണ്ണിന്റെ ചികിത്സയ്ക്കായി ഒരാഴ്ചത്തേക്ക് വിദേശത്തേക്ക് പോകേണ്ടതുണ്ടെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ബുധനാഴ്ച കേസ് പരാമർശിച്ചപ്പോൾ അഭിഷേകിന്റെ അഭിഭാഷകൻ അടിയന്തരമായി വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. മുമ്പ് കണ്ണിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും തുടർചികിത്സ അത്യാവശ്യമാണെന്നും കോടതിയെ അറിയിച്ചു. എന്നാൽ ഇന്ത്യയിലും ആവശ്യമായ ചികിത്സ ലഭ്യമാണെന്നും നിലവിൽ വിദേശത്തേക്ക് പോകേണ്ട അടിയന്തര സാഹചര്യമില്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.
അഭിഷേക് ബാനർജിക്ക് 2016-ൽ ഉണ്ടായ വാഹനാപകടത്തിൽ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം ഇന്ത്യയിലും വിദേശത്തുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിവരികയാണ്. മുൻകാലങ്ങളിൽ ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് കോടതികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുമുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് അഭിഷേക് ബാനർജി. ഈ കേസിൽ നേരത്തെ ഹൈക്കോടതി അറസ്റ്റ് ഉൾപ്പെടെയുള്ള നിർബന്ധനടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നെങ്കിലും, വിദേശയാത്രയ്ക്ക് കോടതി അനുമതി നിർബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.
കോടതിയുടെ പുതിയ നിലപാടോടെ ചികിത്സയ്ക്കായി ഉടൻ വിദേശത്തേക്ക് പോകാനുള്ള അഭിഷേക് ബാനർജിയുടെ നീക്കത്തിന് താൽക്കാലിക തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഹർജിയിൽ വിശദമായ വാദം പിന്നീട് കേൾക്കുമെന്നാണ് റിപ്പോർട്ടുകൾ.