സി വി ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിന് പിന്നാലെ രാജ്ഭവനിലെ കൂടുതൽ ജീവനക്കാർക്കെതിരെ യുവതി പരാതി നൽകി

 
CV

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിക്ക് പുറമെ രാജ്ഭവനിലെ കൂടുതൽ ജീവനക്കാർക്കെതിരെയും പരാതിക്കാരി രംഗത്തെത്തി. മൂന്ന് ജീവനക്കാർക്കെതിരെ കൂടി യുവതി പരാതി നൽകി. തന്നെ രാജ്ഭവനിലെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും അവർ തൻ്റെ ഫോൺ എടുത്തെന്നും അവർ ആരോപിച്ചു.

രാജ്ഭവനിലെ ഒഎസ്ഡി (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) പ്യൂണിനും പാൻട്രി സ്റ്റാഫിനും എതിരെയാണ് അവർ രംഗത്തെത്തിയത്. ഗവർണർക്കെതിരെ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

ഗവർണർ ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം രാജ്ഭവനിൽ നിന്ന് പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചപ്പോൾ മൂന്ന് ജീവനക്കാർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഒഎസ്ഡി തന്നെ ഭീഷണിപ്പെടുത്തിയതായി അവർ പറഞ്ഞു. പാൻട്രി ജീവനക്കാരനും പ്യൂണും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് ഫോൺ തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി.

യുവതിയുടെ പരാതിയുടെ വിശദാംശങ്ങളും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൂന്ന് ജീവനക്കാർക്കും ഉടൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് പൊലീസ്. കേസിൽ പൊലീസ് അന്വേഷണവുമായി സഹകരിക്കരുതെന്ന് രാജ്ഭവൻ ജീവനക്കാർക്ക് ആനന്ദ ബോസ് നിർദേശം നൽകിയിരുന്നു.

രാജ്ഭവൻ്റെ ഔദ്യോഗിക ഹാൻഡിൽ പങ്കുവെച്ച നിർദ്ദേശം, സ്ഥിരമോ താൽക്കാലികമോ ആയ സ്റ്റാഫ് അംഗങ്ങളെ, ഓൺലൈനിലോ ഓഫ്‌ലൈനായോ നേരിട്ടോ ഫോണിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വ്യക്തമായി വിലക്കുന്നു. അതിനിടെ മമത ബാനർജി സർക്കാർ രാജ്ഭവൻ്റെ നിസ്സഹകരണം രാഷ്ട്രപതിയെ അറിയിക്കും.