ഹണിട്രാപ്പിൽ കുടുങ്ങിയെന്ന് ആരോപണം; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരുടെ ഹണിട്രാപ്പിൽ കുടുങ്ങി പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓദ്യോഗിക രഹസ്യനിയമം (Official Secrets Act) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇയാൾ ഒരു യുവതിയുമായി പരിചയപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. തുടർച്ചയായ ചാറ്റുകളും വീഡിയോ കോളുകളും വഴി യുവതി ഇയാളുടെ വിശ്വാസം നേടിയ ശേഷം സൈനിക നീക്കങ്ങൾ, യൂണിറ്റുകളുടെ വിന്യാസം തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
സൈനിക യൂണിറ്റുകളുടെ നീക്കങ്ങളും വിന്യാസവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോകൾ, രേഖകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ എന്നിവ ഡിജിറ്റൽ മാർഗത്തിലൂടെ കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നിൽ പാകിസ്താൻ ആസ്ഥാനമായുള്ള രഹസ്യാന്വേഷണ ശൃംഖലയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിന് പുറമെ സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ വിവരങ്ങൾ ചോർത്താൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവും അന്വേഷണത്തിലുണ്ട്. ഫോൺ വിവരങ്ങൾ, ലൊക്കേഷൻ, ആശയവിനിമയങ്ങൾ എന്നിവയിൽ പ്രവേശനം നേടുകയായിരുന്നു ലക്ഷ്യമെന്നാണ് സംശയം.
വിങ് കമാൻഡർ മേയ് 31-നാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ എത്രത്തോളം വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നേരത്തെ ഉദ്യോഗസ്ഥനെ നിരീക്ഷണത്തിലാക്കിയിരുന്നെന്നും തുടർന്ന് നിയമനടപടികൾക്കായി കൈമാറുകയായിരുന്നെന്നും വ്യോമസേന വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സേന അറിയിച്ചു.