യുപിയിലെ മീറ്റ് പ്ലാന്റിൽ അമോണിയ വാതക ചോർച്ച; 14 വനിതാ തൊഴിലാളികൾ ആശുപത്രിയിൽ

 
National

ഉത്തർപ്രദേശിലെ സഹാരൻപൂരിലുള്ള ഒരു മീറ്റ് പ്രോസസിങ് പ്ലാന്റിൽ അമോണിയ വാതകം ചോർന്നതിനെ തുടർന്ന് 14 വനിതാ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗഗൽഹേഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ എഎൽഎം ഇൻഡസ്ട്രീസ് പ്ലാന്റിൽ പാക്കിങ് ജോലിക്കിടെയായിരുന്നു അപകടം ഉണ്ടായത്. 

വാതകം ചോർന്നതോടെ തൊഴിലാളികൾക്ക് ശ്വാസതടസ്സം, തലകറക്കം, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നാല് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. 

സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടവും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തി. അമോണിയ ചോർച്ചയ്ക്ക് കാരണമായ സാഹചര്യം കണ്ടെത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോയെന്നും അന്വേഷിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.