11 വയസുകാരിയെ ഇടിച്ചുകൊന്ന് രക്ഷപ്പെടാൻ ശ്രമം

60 കിലോമീറ്റർ സിനിമാ സ്റ്റൈൽ പിന്തുടർച്ചയ്ക്കൊടുവിൽ ലോറി ഡ്രൈവർ പിടിയിൽ
 
Nat

റായ്പൂർ: ഛത്തീസ്ഗഡിൽ 11 വയസുകാരിയെ ലോറിയിടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് 60 കിലോമീറ്ററിലേറെ പിന്തുടർന്ന് പിടികൂടി. മദ്യലഹരിയിലായിരുന്ന ഡ്രൈവർ പൊലീസ് സ്ഥാപിച്ച നിരവധി ബാരിക്കേഡുകളും തകർത്ത് മുന്നേറിയെങ്കിലും ഒടുവിൽ മഹാരാഷ്ട്ര അതിർത്തിക്ക് സമീപം വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞതോടെയാണ് പിടിയിലായത്. 

വെള്ളിയാഴ്ച മോഹ്ല-മാൻപൂർ-അംബാഗഡ് ചൗക്കി ജില്ലയിൽ രാജ്നന്ദ്ഗാവ്–മാൻപൂർ റോഡിലെ ഗുണ്ടർദേഹി ഗ്രാമത്തിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പൂനം (11) എന്ന പെൺകുട്ടിയെ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

അപകടത്തിന് പിന്നാലെ നിർത്താതെ മുന്നോട്ടുപാഞ്ഞ ലോറിയെ പൊലീസ് പിന്തുടർന്നു. വഴിയിലുടനീളം സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് രക്ഷപ്പെടാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ഏകദേശം രണ്ട് മണിക്കൂർ നീണ്ട പിന്തുടർച്ചയ്ക്കൊടുവിൽ മഹാരാഷ്ട്ര അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഡ്രൈവർക്കെതിരെ അപകടകരമായ ഡ്രൈവിംഗ്, മദ്യലഹരിയിൽ വാഹനം ഓടിക്കൽ, മരണത്തിന് ഇടയാക്കിയ അശ്രദ്ധ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.