കാനഡ സ്വപ്നങ്ങൾക്ക് മറ്റൊരു തിരിച്ചടി; ഇന്ത്യയെ വിദേശ ഭീഷണിയായി വിശേഷിപ്പിക്കുന്ന കനേഡിയൻ ഇൻ്റലിജൻസ് റിപ്പോർട്ട്

 
pm

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ദീർഘകാല ബന്ധത്തിലെ അകൽച്ച അനുദിനം വഷളാകുന്നു. ഇപ്പോഴിതാ ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡ. രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ കഴിയുന്ന 'വിദേശ ഭീഷണി' എന്നാണ് കാനഡ ഇന്ത്യയെ വിശേഷിപ്പിച്ചത്.

കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് ഒരു ഇൻ്റലിജൻസ് റിപ്പോർട്ടിലാണ് ആരോപണം ഉന്നയിച്ചത്. "വിദേശ ഇടപെടലും തിരഞ്ഞെടുപ്പും: ദേശീയ സുരക്ഷാ വിലയിരുത്തൽ" എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് ഇന്ത്യയെ 'വിദേശ ഭീഷണി' എന്ന് വിളിക്കുകയും വിദേശ ഇടപെടൽ കാനഡയുടെ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെടുന്നുവെന്ന് ഇതാദ്യമായാണ് കാനഡ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചൈനയും റഷ്യയും ഇടപെട്ടുവെന്ന് കാനഡ നേരത്തെ ആരോപിച്ചിരുന്നു. ചൈനയാണ് ഏറ്റവും വലിയ ഭീഷണിയെന്ന് കാനഡ വിമർശിച്ചിരുന്നു.

ഇന്ത്യയും ചൈനയും വലിയ ഭീഷണിയാണെന്ന് കനേഡിയൻ റിപ്പോർട്ടുകൾ പറയുന്നു. ആരോപണത്തിൽ കനേഡിയൻ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കാനഡയിലെ വാൻകൂവറിലെ സിഖ് ഗുരുദ്വാരയ്ക്ക് മുന്നിൽ നിജ്ജാർ കൊല്ലപ്പെട്ടത്. സെപ്റ്റംബർ 18ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെൻ്റിൽ നടത്തിയ പ്രസ്താവനയോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.

ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുമാണെന്ന് ട്രൂഡോ ആരോപിച്ചു. ഇന്ത്യയുടെ ഭീകരപട്ടികയിലുള്ള നിജ്ജാറിനെ കനേഡിയൻ പൗരനെന്നാണ് ട്രൂഡോ ആവർത്തിച്ച് വിശേഷിപ്പിച്ചത്. ട്രൂഡോയുടെ ആരോപണം അസംബന്ധമാണെന്ന് ഇന്ത്യ തള്ളുകയും നിജ്ജാറിൻ്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.