അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ശേഷമായിരുന്നു പാർട്ടി പ്രവേശനം
 
BJP

ന്യൂഡൽഹി: ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ഏപ്രിൽ 28 ന് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.

ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിൻ്റെ സഖ്യം ഉൾപ്പെടെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി അരവിന്ദർ സിംഗ് ലൗലി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. അഴിമതിക്കേസിൽ നിരവധി ആം ആദ്മി പ്രവർത്തകർ അറസ്റ്റിലായിട്ടും കോൺഗ്രസ് ഇപ്പോഴും എഎപിയുമായി സഖ്യത്തിലാണെന്ന് അരവിന്ദർ ചൂണ്ടിക്കാട്ടിയിരുന്നു.

പാർട്ടിയിലെ സ്ഥാനം മാത്രമാണ് താൻ ഉപേക്ഷിക്കുന്നതെന്നും പാർട്ടിയല്ലെന്നും ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അരവിന്ദർ സിംഗ് ലൗലിക്കൊപ്പം മുൻ കോൺഗ്രസ് എംഎൽഎമാരായ നസീബ് സിംഗ്, നീരജ് ബസോയ, രാജ്കുമാർ ചൗഹാൻ, മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് മാലിക് എന്നിവരും ബിജെപിയിൽ ചേർന്നു.

അരവിന്ദർ ബിജെപിയിൽ ചേരുമെന്ന് ഡൽഹി കോൺഗ്രസ് നേതൃത്വമോ എഎപി നേതൃത്വമോ പ്രതീക്ഷിച്ചിരുന്നില്ല. 2015ൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും അരവിന്ദർ സിംഗ് ലൗലി രാജിവച്ചിരുന്നു. പിന്നീട് 2017ൽ ബിജെപിയിൽ ചേർന്നെങ്കിലും മാസങ്ങൾക്കുള്ളിൽ കോൺഗ്രസിൽ തിരിച്ചെത്തി.