ബെംഗളൂരുവിലെ ബാറിൽ ജീവനക്കാർക്ക് നേരെ ആക്രമണം

മദ്യത്തിന്റെ വിലയെ ചൊല്ലിയ തർക്കം സംഘർഷത്തിൽ കലാശിച്ചു
 
National

ബെംഗളൂരുവിലെ നാഗരഭാവി പ്രദേശത്തെ മില്ലേനിയം ബാറിൽ മദ്യത്തിന്റെ വിലയെ ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമായി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ഒരുസംഘം യുവാക്കളും ബാർ ജീവനക്കാരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. 

സംഭവത്തിനിടെ ആക്രമികൾ ബാർ ജീവനക്കാരിൽ ഒരാളെ ബിയർ കുപ്പി ഉപയോഗിച്ച് മർദിക്കുകയും മറ്റ് ജീവനക്കാരെ മർദിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ബാറിലെ സിസിടിവി ക്യാമറകളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 

പുറത്തുവന്ന വീഡിയോയിൽ മദ്യം വാങ്ങാനെത്തിയ സംഘം കൗണ്ടറിന് സമീപം ജീവനക്കാരുമായി തർക്കിക്കുന്നതും തുടർന്ന് പരസ്പരം മർദിക്കുന്നതും കാണാം. സംഘർഷം തടയാൻ ചിലർ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

സംഭവത്തിൽ പരിക്കേറ്റ ജീവനക്കാർക്ക് ചികിത്സ നൽകിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചാണ് തുടർനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.