ഡോക്ടർമാർക്ക് നേരെയുണ്ടായ ആക്രമണക്കേസ്
മുംബൈ: ഡോംബിവ്ലിയിലെ ശാസ്ത്രിനഗർ മുനിസിപ്പൽ ആശുപത്രിയിൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആക്രമിച്ച കേസിൽ ശിവസേന (ഷിൻഡെ വിഭാഗം) കൗൺസിലർ രമേഷ് മഹാത്രെയ്ക്ക് അനുവദിച്ച ജാമ്യം ബോംബെ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക ശനിയാഴ്ച സിറ്റിങ്ങിലാണ് കോടതി ജാമ്യം റദ്ദാക്കിയത്.
ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരായ അതിക്രമം അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു. മഹാത്രെയും മറ്റ് പ്രതികളും നിശ്ചിത സമയത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു.
ജൂലൈ 6-നാണ് ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചെന്ന കേസിൽ മഹാത്രെയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും അതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളം ഡോക്ടർമാർ പ്രതിഷേധം സംഘടിപ്പിക്കുകയും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.